ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു. തോട്ടക്കര നാലകത്ത് വീട്ടിൽ 63 കാരനായ നസീർ , ഭാര്യ 60 കാരി സുഹറ എന്നിവരാണ് വെട്ടേറ്റു മരിച്ചത്.

ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു. തോട്ടക്കര നാലകത്ത് വീട്ടിൽ 63 കാരനായ നസീർ , ഭാര്യ 60 കാരി സുഹറ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാല് വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച അർധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടിയുമായി രക്ഷപ്പെട്ട സുൽഫിയത്തിനെ നാട്ടുകാർ കാണുന്നതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. യുവതി നൽകിയ വിവരമനുസരിച്ച് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് നസീറിനെയും സുഹറയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കൈഞരമ്പ് മുറിച്ച നിലയിൽ മുഹമ്മദ് റാഫി അവിടെയുണ്ടായിരുന്നുവെങ്കിലും പോലീസിനെ വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ പുലർച്ചെ നാല് മണിയോടെ സമീപത്തെ പള്ളിക്കാട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമണത്തിന് കാരണമെന്ന് ബന്ധുവായ ഷംസുദീൻ പറഞ്ഞു.

പ്രതി ലഹരി കേസുകളിൽ പ്രതിയാണെന്നും ലഹരി ഉപയോഗിച്ചാണ് കൃത്യം നടത്തിയെന്ന സംശയിക്കുന്നതായി സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

നിലവിൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സ്ഥലത്ത് ഫോറൻസിക് സംഘവും വിരലടയാളം വിദഗ്ധരും പരിശോധന നടത്തി.