ഒറ്റപ്പാലം മയിലുംപുറത്ത് തെരുവുനായ 9 നായക്കുഞ്ഞുങ്ങളെ കടിച്ചുകൊന്നു. മയിലുംപുറം ആലുംകുന്ന് ഭാഗത്താണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ തെരുവ് നായ അക്രമം നടന്നത്. 9 കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ നായ പ്രദേശത്തെ 3 വലിയ തെരുവുനായ്ക്കളെയും കടിച്ചു പരുക്കേൽപ്പിച്ചു.
നാട്ടുകാരായ ചിലരുടെ പിന്നാലെ അക്രമണോദ്ദേശ്യത്തോടെ നായ പാഞ്ഞടുത്തെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ഇവർ കടിയേൽക്കാതെ രക്ഷപ്പെട്ടത്. കടിയേറ്റ 3 വലിയ നായ്ക്കളെയും മൃഗാശുപത്രിയിലേക്കു മാറ്റി. ഇവക്ക് ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും നൽകി. പേവിഷബാധ സംശയിക്കുന്ന അക്രമകാരിയായ നായയെ പിടികൂടാൻ ഡോഗ് ക്യാച്ചർമാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒന്നര മാസം മുൻപ് തോട്ടക്കരയിൽ 2 നായ്ക്കൾ അക്രമസ്വഭാവം പുറത്തെടുക്കുകയും ചിലർക്കു കടിയേൽക്കുകയും ചെയ്തിരുന്നു. അവയിലൊന്നിനു പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. അന്ന് പേവിഷബാധയേറ്റ നായയുടെ കടിയേറ്റ മറ്റേതെങ്കിലും നായയാണോ ഇപ്പോൾ മയിലുംപുറത്ത് ഭീതി വിതയ്ക്കുന്നത് എന്ന സംശയമാണു ബലപ്പെടുന്നത്. നായയെ കണ്ടെത്തുന്നതുവരെ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
