അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ദുരന്ത പശ്ചാത്തലത്തിൽ തൃശൂർ പൂരം ആഘോഷമില്ലാതെ നടത്താനാണ് ആലോചന. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കാണ് അന്വേഷണച്ചുമതല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും.

ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ , കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്.

മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്.