സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‌ർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ ന്യൂന മർദ പാത്തീ സ്വാധീനമാണ് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അതിശക്ത മഴയ്ക്ക് കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. ജൂലൈ മാസത്തിലും സാധാരണയേക്കാൾ കുറവ് മഴയാണ് കേരളത്തിൽ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എൽനിനോ പ്രതിഭാസമടക്കം മഴയെ സ്വാധീനിച്ചിട്ടുണ്ട്.

ശക്തമായ മഴ കാരണം കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുനന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.