ബർമൂഡ ട്രയാംഗിളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ച് നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂസ് ലൈൻ എന്ന കമ്പനിയുടെ നോർവൈജീയൻ പ്രൈമ എന്ന കപ്പലാണ് ഏറെ നിഗൂഢതകൾ നിറഞ്ഞ ബർമൂഡ ട്രയാംഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ബർമൂഡ ട്രയാംഗിളിൽപ്പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ കപ്പലും കാണാതായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവൻ മടക്കി നൽകുമെന്നാണ് കപ്പൽ അധികാരികൾ പറയുന്നത്.
രണ്ട് ദിവസത്തെ യാത്രയ്ക്കാണ് കപ്പല്‍ തയാറെടുക്കുന്നത്. ഈ രണ്ട് ദിവസത്തേക്ക് 1,450 യൂറോ, ഏകദേശം 1.4 ലക്ഷം രൂപയാണ് നൽകേണ്ടത്.
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ഭാഗമാണ് കുപ്രസിദ്ധമായ ബർമൂഡ ട്രയാംഗിൾ. ഏതൊരു നാവികന്റേയും പേടിസ്വപ്നം. ബർമൂഡയ്ക്കും ഫ്ളോറിഡയ്ക്കും പോർട്ടോ റിക്കോയ്ക്കും മധ്യേ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്ന ബർമൂഡ ട്രയാംഗിൾ എന്നറിയപ്പെടുന്ന ഈ ഭാഗത്തകപ്പെട്ട വിമാനങ്ങളും കപ്പലുകളുമെല്ലാം അപ്രത്യക്ഷമായിട്ടുണ്ട്.
പതിറ്റാണ്ടുകളോളം മനുഷ്യനെ കുഴക്കിയ ബർമൂഡ ട്രയാംഗിളിന്റെ നിഗൂഢതയെ പൊളിച്ചടുക്കിയെന്ന അവകാശവാദവുമായി 2017 ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ കാൾ ക്രുഷേൽനിക്കി രംഗത്ത് വന്നിരുന്നു. മറ്റേത് സമുദ്രത്തിലും കപ്പൽ അപകടത്തിൽപ്പെടാനുള്ള സാധ്യതകൾ മാത്രമേ ബർമൂഡ ട്രയാംഗിളിലും ഉള്ളു എന്നും ഇവിടെ മറ്റ് പ്രത്യേകതകളൊന്നും ഇല്ലെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.
ബർമൂഡ ട്രയാംഗിളിൽ ഇതുവരെ എച്ച്എംഎസ് അറ്റ്ലാന്റ, യുഎസ്എസ് സ്ക്ലോപ്സ്, ഫ്ളൈറ്റ് 19 എന്നിങ്ങനെ 16 വിമാന അപകടങ്ങളും, പതിനേഴ് കപ്പൽ അപകടങ്ങളും നടന്നിട്ടുണ്ട്. ഇതിൽ പകുതി കപ്പലുകളും കണ്ടെത്താനായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.