കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്ഭിണി വെന്തുമരിച്ചു . ചെറുവണ്ണൂർ കക്കറമുക്കിലാണ് അപകടം. റിജിൻലാലിൻ്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി ഒൻപതോടെ കക്കറമുക്ക് റോഡിലാണ് അപകടമുണ്ടായത്. സോന ആറു മാസം ഗർഭിണിയായിരുന്നു. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ കത്തിയമർന്നത്. റോഡിലൂടെ പോവുന്ന കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
തീപിടിച്ചയുടനെ കാറിൽനിന്ന് പുറത്തിറങ്ങി ഡ്രൈവർ സീറ്റിൽ നിന്ന് റിജിൻ പുറത്തിറങ്ങി. പിൻസീറ്റിൽ ഇരുന്നിരുന്ന സോനയെ കാറിൽനിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ സാധിച്ചില്ല. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങിയാണ് വസ്ത്രത്തിൽ പിടിച്ച തീയണച്ചത്. ഉടൻ തന്നെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാറിൻ്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. സോനയുടെ മൃതദേഹം പേരാമ്പ്ര കല്ലോട് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ആശുപത്രിയിൽ സോനയെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കാറിൽ തീപിടിത്തം ഉണ്ടായത്.
തീയണയ്ക്കാൻ തോട്ടിലേക്ക് ചാടി രജിൻ; ഡോർ ലോക്കായി കാറിനുള്ളിൽ കുടുങ്ങി സോന: നടുക്കം മാറാതെ നാട്
കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ആറുമാസം ഗർഭിണിയായിരുന്നു മരിച്ച സോന. സോനയെ പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങവേയാണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ അപകടമുണ്ടായത്. കാറിൽനിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ പെട്ടെന്ന് വണ്ടി നിർത്തി രജിൻ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീ പടർന്നു. ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. രജിൻ ലാൽ കാറിൽ നിന്ന് ഇറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദേഹത്ത് തീ ആളിപ്പടർന്നതോടെ രജിൻ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. അതേസമയം, കാറിന്റെ പിൻസീറ്റിലിരുന്ന സോന ഡോർ ലോക്കായതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങുകയായിരുന്നു.
കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ ശ്രീനിവാസൻ, വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരൻ: സോനു.
