ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതി, മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. സ്പോട്ട് ബുക്കിങ് ആധികാരിക രേഖ അല്ല, സ്പോട്ട് ബുക്കിങ് ഉണ്ടാകും എന്ന് പ്രഖ്യാപിച്ചാൽ വെർച്വൽ ക്യൂയിൽ ആരെങ്കിലും വരുമോ? സ്പോട്ട് ബുക്കിങ് കൂടിയാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ഒരു ഭക്തന് പോലും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മുന്നിൽകണ്ടുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം നിർബന്ധമാക്കിയത്. സ്പോട്ട് ബുക്കിങ് വഴി ലഭിക്കുന്ന രേഖകൾ ആധികാരികം അല്ല. ഓൺലൈൻ വഴി ബുക്ക് ചെയ്യാതെ കൂടുതൽ ഭക്തർ എത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടാണ് തീരുമാനം. എന്നാൽ മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ലെന്ന് ബോർഡ്

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഏപ്രിൽ മാസം മുതൽ ഇതിനായുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിനെതിരെ നേരത്തെ പ്രതിപക്ഷവും സംഘടനകളും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കട്ടെ എന്നാണ് ബോർഡ് നിലപാട്. തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്തെ ദർശന സമയത്തിൽ മാറ്റം വരുത്തി. പുലർച്ചെ 3 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11 മണിവരെയും ആണ് പുതുക്കിയ ദർശന സമയം. ആകെ 17 മണിക്കൂറാണ് ദർശന സമയം.