വിവാദങ്ങൾക്കിടെ സന്ദീപ് വാര്യർക്കൊപ്പം വേദി പങ്കിട്ട് കെ മുരളീധൻ. പാലക്കാട്ടെ പൊതുപരിപാടിക്ക് ശേഷം സന്ദീപിനെ ഷാൾ അണിയിച്ച മുരളീധരൻ സൗഹൃദം പങ്കുവച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റി വേദിയിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. മുരളീധരൻ ആയിരുന്നു ഉദ്ഘാടകൻ. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ശ്രീകൃഷ്ണപുരം. നോട്ടീസിൽ സന്ദീപ് വാര്യരുടെ പേരുണ്ടായിരുന്നില്ല.
അദ്ദേഹമിപ്പോൾ പാർട്ടിയുടെ ഭാഗമാണെന്നും പാർട്ടിയിലേക്കു വന്നവരെ സ്വീകരിക്കുമെന്നുമാണ് സന്ദർഭത്തെക്കുറിച്ച് മുരളീധരൻ പ്രതികരിച്ചത്. പൂർണ മനസോടെയാണ് സന്ദീപിനെ സ്വീകരിച്ചതെന്നും മുരളീധരൻ പറഞ്ഞു.
”പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ…” എന്ന ഗാനം സന്ദീപ് വാര്യരുടെ പാർട്ടിയിലേക്കുള്ള വരവിന് ശേഷം മുരളീധരൻ പങ്കുവെച്ചിരുന്നു. ഇത് കേൾക്കുന്നവരുടെ ഭാവനയ്ക്ക് വിടുന്നുവെന്നും മുരളീധരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
ഏറെ നാളായി ബിജെപിയുമായി ഇടഞ്ഞ് നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പ്രതിപക്ഷ നോതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദീപ് വാര്യരെ സ്വീകരിക്കാന്‍ വേദിയില്‍ അണിനിരന്നിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ സന്ദീപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സന്ദീപ് പ്രതികരിച്ചിരുന്നു.