ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.

എന്താണ് HMPV വൈറസ് ?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് HMPV. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും വൈറസിന് കീഴ്‌പ്പെടുത്താന്‍ കഴിയും. കൊച്ചുകുട്ടികള്‍, പ്രായമായവര്‍ എന്നിവരെക്കൂടാതെ ഉയര്‍ന്ന പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് പോലും HMPV യില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞെന്നു വരില്ല. 2001 ലാണ് HMPV വൈറസ് ആദ്യമായി കണ്ടെത്തിയത്. മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ പോലെ തന്നെ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് HMPV.യുടെയും സാധാരണ ലക്ഷണങ്ങള്‍.

എന്നാല്‍, അതിതീവ്രമായ കേസുകളില്‍ മാത്രം, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് വഴി മാറും. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. എങ്കിലും, അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യസ്ത കാലയളവിലേക്ക് നീണ്ടുനില്‍ക്കുമെന്നു മാത്രം.

കോവിഡ് പകരുന്നതിനോട് സമാനമായി തന്നെ, ചുമ, തുമ്മല്‍ എന്നിവയില്‍ നിന്നുള്ള സ്രവങ്ങള്‍ വഴി HMPV ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. അതുപോലെ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുക തുടങ്ങിയ സാഹചര്യങ്ങളിലും വൈറസ് പകരും. വൈറസ് ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്കും ഉയര്‍ന്ന അപകട സാധ്യതകള്‍ ഉണ്ടാക്കും. അതിനാല്‍. രോഗ ലക്ഷണങ്ങള്‍ വന്നതിനു ശേഷം, പനി മാറ്റമില്ലാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ആശുപത്രിയില്‍ എത്തേണ്ടത് പ്രധാനമാണ്.