സംസ്ഥാനത്ത് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വഴി പണം തട്ടുന്ന സംഘം സജീവം

സംസ്ഥാനത്ത് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വഴി പണം തട്ടുന്ന സംഘം സജീവമാകുന്നു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപന ഉടമയുടെ വ്യാജ പ്രൊഫൈല്‍ വഴി തട്ടിപ്പ് നടത്തിയതായി പരാതി. ഫേസ്ബുക്ക് സുഹൃത്തുക്കളായ നിരവധി പേരോടാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ രോഗവിവരം തിരക്കാന്‍ സുഹൃത്തുക്കള്‍ വിളിച്ചു തുടങ്ങിയതോടെയാണ് എറണാകുളം സ്വദേശി അന്‍വര്‍ സാദത്തിന് അപകടം മണത്തത്. താന്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് ബിസിനസുകാരനായ അന്‍വര്‍ സാദത്തിന്റെ വ്യാജ പ്രൊഫൈലില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് ലഭിച്ചത്. രോഗവിവരം അന്വേഷിക്കാന്‍ ആളുകള്‍ വിളിച്ചതോടെയാണ് സംഭവം പിടികിട്ടിയത്.

5000 രൂപ മുതലാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള ഇടപാടുകാര്‍ക്കും ഇത്തരത്തില്‍ സന്ദേശങ്ങള്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ മോഷ്ടിച്ചാണ് പുതിയ പ്രൊഫൈല്‍ നിര്‍മിച്ചിരിക്കുന്നത്.

നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മുന്‍പ് എഡിജിപി വിജയ് സാഖറെയുടെ വ്യാജ പ്രൊഫൈല്‍ വഴിയും സമാനമായ തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ട്.