സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

ഞായറാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ, ആന്ധ്ര – ഒഡിഷ തീരത്തിനടുത്തായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലർട്ടും, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച്ച തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച്ച വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി.