ജിഎസ്ടി പുന:സംഘടന യാഥാർത്ഥ്യത്തിലേക്ക്,ജില്ലകൾക്കുള്ള തസ്തിക നിശ്ചയിച്ചു,നികുതി സമാഹരണം ഊർജ്ജിതമാകും

:ജിഎസ്ടി പുനസംഘടന യാഥാർത്ഥ്യത്തിലേക്ക്.ജില്ലകൾക്കുള്ള തസ്തിക തീരുമാനിച്ച് ഉത്തരവിറങ്ങി.ഭാവി എന്തെന്നറിയാതെ അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക്‌ പുതുവത്സരത്തിൽ ആശ്വാസം .അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സംസ്ഥാനത്തെ ജിഎസ്ടി ഉദ്യോഗസ്ഥരെ പുനസംഘടിപ്പിച്ചു. 3000 ത്തോളം തസ്തികകളുടെ പുനർവിന്യാസം ഒടുവിൽ ചുവപ്പുനാടയിൽ കുരുങ്ങിയത് വെറും ഏഴ് തസ്തികകളെ ചൊല്ലിയുള്ള തർക്കത്തിൽ . പ്രമോഷൻ പോസ്റ്റിൻ്റെ എണ്ണം പത്താക്കണം എന്നായിരുന്നു ഒരു വിഭാഗം ജോയിൻ്റ് കമ്മീഷണർമാരുടെ ആവശ്യം. പ്രമോഷൻ പോസ്റ്റായ അഡി.കമ്മീഷണർമാർ മൂന്നെണ്ണം മതിയെന്നായിരുന്നു പുനസംഘടന ചുമതലയുണ്ടായിരുന്ന  റെൻ എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട്. എന്നാൽ പുനർവിന്യാസം സംബന്ധിച്ച D3/245/2022 ടാക്സസ് ഫയലിൽ മൂന്ന് മാസമായിട്ടും തീരുമാനമായില്ല.

ഈ റിപ്പോർട്ടിൽ പഠനം വേണമെന്ന് ജി എസ് ടി സ്പെഷ്യല്‍ കമ്മീഷണറും തീരുമാനം എടുത്തു.ഈ തർക്കം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥ തല തർക്കത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിലപാട് കടുപ്പിച്ചതോടെയാണ്  നടപടി വേഗത്തിലായത്.  ജില്ലകൾക്കുള്ള തസ്തിക തീരുമാനിച്ചാണ് നികുതി സെക്രട്ടറി ഉത്തരവിറക്കിയത്. ജില്ലകളിലെ ഉദ്യോഗസ്ഥരെയും ഓഫീസുകളും തീരുമാനിച്ച് ജനുവരി പത്തിന് തീരുമാനം പ്രാബല്യത്തിൽ വരും.പുനസംഘടന വൈകുന്നത് കാരണം സംസ്ഥാനത്തിന് നഷ്ടം മാസം 700 കോടിയോളം രൂപയാണ്. 140 ആഡിറ്റ് സംഘങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ നികുതി സമാഹരണം ഊർജ്ജിതമാകും.