സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേന്ദ്രസർക്കാർ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിലെ സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്ര നീക്കം. സഹകരണബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ കേരളത്തെ ലക്ഷ്യംവച്ചുള്ളതാണ്. സഹകരണമേഖലയെ സംരക്ഷിക്കാൻ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവരണമെന്നും മന്ത്രി കോഴിക്കോട്ട് ആവശ്യപ്പെട്ടു.

1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പുതിയ നിയമഭേദഗതി നിലവിൽ വരുന്നതോടെ പേരിനൊപ്പം ഇനി ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല. ഇടപാടുകൾക്ക് ചെക്ക് ഉപയോഗിക്കാനാകില്ലെന്നതും തിരിച്ചടിയാണ്. സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തെ ശക്തമായി എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. പ്രതിസന്ധി മുന്നിൽ കണ്ട് സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും റിസർവ് ബാങ്കിന് ലഭിക്കുന്നതാണ് കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങൾക്ക് പ്രൊഫഷണൽ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ പ്രൊഫഷണലിസത്തിന് എതിരല്ലെന്ന് മന്ത്രി വ്യക്തമാക്കി. സർവകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സഹകരണ വകുപ്പിന്റെ നീക്കം.