സുരേഷ് ഗോപി കല്യാണം മുടക്കിയല്ല; മറുപടി അര്‍ഹിക്കാത്ത പ്രചാരണമെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള് മാറ്റിയെന്ന പ്രചാരണം മറുപടി അര്‍ഹിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സുരേഷ് ഗോപി കല്യാണം മുടക്കിയല്ലെന്ന് സൈബര്‍ കമ്മികള്‍ മനസിലാക്കണം. ഗുരുവായൂരില്‍ കല്യാണങ്ങള്‍ക്ക് മുഹൂര്‍ത്തം ഇല്ലെന്നും കെ സുരേന്ദ്രന്‍

നരേന്ദ്രമോദി വരുന്നത് പ്രമാണിച്ച് ഗുരുവായൂരില്‍ 12 വിവാഹങ്ങളിലാണ് മാറ്റം വരുത്തിയത്. എന്നാല്‍ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ മുഹൂര്‍ത്തം നോക്കാറില്ലെന്നും പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം.

വിവാഹ സമയത്തില്‍ മാത്രമേ മാറ്റമുള്ളൂ. ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും ഗുരുവായൂരില്‍ വച്ച് തന്നെ നടക്കുമെന്ന് ദേവസ്വംബോര്‍ഡും പൊലീസും വ്യക്തമാക്കിയെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ്‌ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും എന്നാല്‍ വാസ്തവമല്ലാത്ത പ്രചാരണങ്ങളാണ് ഇടത് ഹാന്‍ഡിലുകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ കുറപ്പില്‍ വ്യക്തമാക്കുന്നു.

ഈ മാസം 17നാണ് മോദി കേരളത്തിലെത്തുന്നത്. ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. അതിനുശേഷം കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തൃശ്ശൂരില്‍ വിവിധ സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനും സാധ്യതകള്‍ ഉണ്ട്. സന്ദര്‍ശനത്തിനു മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായാണ് വിവാഹങ്ങള്‍ മാറ്റുന്നത്.