വാണിയംകുളം കോതകുർശ്ശി റോഡിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

വാണിയംകുളം കോതകുർശ്ശി റോഡിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പത്തംകുളം സ്വദേശി 32 കാരനായ രഞ്ജിത്താണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ഒരു മണിക്കും രണ്ടുമണിക്കും ഇടയിലാണ് അപകടം സംഭവിച്ചത്. വാണിയംകുളം ഭാഗത്തുനിന്നും കോതകുർശ്ശി ഭാഗത്തേക്ക് പോകുകയായിരുന്ന രഞ്ജിത്ത് ഓടിച്ചിരുന്ന ബൈക്കിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നുവെന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു. കോതയൂർ കോളംകുന്ന് കയറ്റത്തിൽ വച്ചാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം എന്നായിരുന്നു നിഗമനം. പിന്നീട് പോലീസിന്റെ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തിയത്.