സിഎഎയില്‍ കോണ്‍ഗ്രസിന് നിലപാടില്ല; ബിജെപി കേരളത്തില്‍ ഒരിടത്തും ജയിക്കില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും ജയിക്കാനാകില്ലെന്നും പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ തേടി നടക്കുകയാണ്. അതിനെയാകെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അല്ലാത്തപ്പോള്‍ ഏജന്‍സികള്‍ക്ക് ഒപ്പം നില്‍ക്കും. ഇതിന്റെ നല്ല ഉദാഹരണമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. ആദ്യം ആരോപണം മൂര്‍ച്ഛിപ്പിച്ചത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ അറസ്റ്റിന് എതിരെ വന്നിരിക്കുന്നു. നല്ല കാര്യം. പക്ഷേ നേരത്തെ തെറ്റ് പറ്റി എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

കിഫ്ബിയുടെ കാര്യത്തിലും കോണ്‍ഗ്രസിന് എന്തിനാണ് ഈ എതിര്‍പ്പെന്ന് മുഖ്യമന്ത്രി ചോദിച്ചു. 62000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. ഇതെല്ലാം നാട്ടില്‍ കാണുകയല്ലേയെന്നും അദ്ദേഹം പറഞ്ഞു.