വന്ദേഭാരത്, ജല മെട്രോ, വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ആവേശമായി രണ്ട് ദിവസത്തെ സന്ദർശനം

ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനം. കേരള വികസനത്തിന് നാഴികക്കല്ലായ ജല മെട്രോ, വന്ദേഭാരത് ട്രെയിൻ അടക്കം രണ്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, നേമം- തിരുവനന്തപുരം -കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ ട്രാക്ക് നവീകരണം എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. വൈദ്യുതീകരിച്ച പാലക്കാട് -പളനി- ഡിണ്ടിഗൽ പാത നാടിന് സമർപ്പിച്ചു. മൊത്തം 3200 കോടിയുടെ വികസന പദ്ധതികൾക്കാണ് ഇന്ന് തുടക്കമായത്.

കുതിപ്പേകി കുതിച്ച് വന്ദേഭാരത്…

കുതിപ്പേകി വന്ദേഭാരത് കേരളത്തിന്റെ ട്രാക്കിലൂടെ ഓടിത്തുടങ്ങി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാർഥികളുമടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. പത്തേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ,  കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്  എന്നിവർക്കൊപ്പമാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. സി-2 കോച്ചിലേക്കെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളും കുട്ടികളുമായായിരുന്നു വന്ദേഭാരതിന്റെ ആദ്യ യാത്ര.  വിവിധ സ്റ്റേഷനുകളിൽ സ്വീകരണവുമുണ്ടായി.

2014 ന് മുമ്പ് കേന്ദ്രം റയിൽവെ വികസനത്തിന് കേരളത്തിന് അനുവദിച്ച തുകയുടെ അഞ്ചിരിട്ടി കഴിഞ്ഞ 9 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെലവഴിച്ചെന്ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പറഞ്ഞു. പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം, വൈദ്യുതീകരണം തുടങ്ങിയവ പൂര്‍ത്തിയാക്കി. വന്ദേ ഭാരത് ട്രെയിനുകള്‍ മാറുന്ന ഇന്ത്യയുടെ അടയാളമാണ്. കൊച്ചി ജല മെട്രോ രാജ്യത്തിന് മാതൃകയാണെന്നും വികസന പദ്ധതികള്‍ ഉത്ഘാടനം ചെയ്ത് അദ്ദേഹം വിശദീകരിച്ചു.

ഹൈക്ലാസ് യാത്രയുടെ ‘വന്ദേഭാരത് ‘ 

വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നിൽക്കുന്ന സൗകര്യങ്ങളാണ് വന്ദേഭാരതിന്റെ എക്സിക്യൂട്ടീവ് ക്ലാസിൽ ഒരുക്കിയിട്ടുള്ളത്. 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകൾ. പുറത്തെ കാഴ്ചകൾക്കായി വീതിയേറിയ ഗ്ലാസുകൾ. സീറ്റിന്റെ ആം റെസ്റ്റിനുള്ളിൽ സ്നാക് ടേബിൾ. പുറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകൾ. കാലുകൾ ഉയർത്തിവയ്ക്കാൻ റിട്രാക്ടബിൾ ഫുട്റെസ്റ്റ് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മത രാഷ്ട്രീയയ സാമൂഹിക മേഖലകളിൽനിന്ന് ക്ഷണിക്കപ്പെട്ടവർ, കലാകാരന്മാർ, മത്സരങ്ങളിൽ സമ്മാനർഹരായ കുട്ടികൾ, മാധ്യമ പ്രവർത്തകർ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. അതിഥികൾക്ക് ഭക്ഷണവും വന്ദേഭാരതിൽ സജീകരിച്ചിട്ടുണ്ട്. രാജധാനിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണു വന്ദേഭാരതിലെ ഭക്ഷണ കരാർ. ആദ്യ യാത്രയിൽ വിവിധ സ്റ്റേഷനുകളിൽ വന്ദേഭാരത്തിന് സ്വീകരണമൊരുക്കി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എട്ടുമണിക്കൂര്‍ അഞ്ചുമിനിറ്റുകൊണ്ട് കുതിച്ചെത്തുന്ന വന്ദേഭാരത് വികസനത്തിനൊപ്പം രാഷ്ട്രീയംകൂടി കുത്തിനിറച്ചാണ് കൂകിപ്പായുന്നത്.

കാത്തിരിപ്പിന് അവസാനം, ചരിത്രം സൃഷ്ടിച്ച് വാട്ടർ മെട്രോ യാഥാർത്ഥ്യം

ആറ്  വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് ചരിത്രം സൃഷ്ടിച്ച് രാജ്യത്തെ ആദ്യ വാട്ടർ മെട്രോ യാഥാർത്ഥ്യമായി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വാട്ടർ  മെട്രോ ഉദ്ഘാടനം ചെയ്തു. വാട്ടർ മെട്രോ കേരള വികസനത്തിന് ആക്കം കൂട്ടുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.  തിരുവനന്തപുരത്തെ ചടങ്ങിന് പിന്നാലെയാണ് കൊച്ചിയിലെ ഹൈക്കോടതി ടെർമിനലിൽ വാട്ടർ മെട്രോ ഫ്ലാഗ് ഓഫ് ചെയ്തത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ് വാട്ടർ മെട്രോയിലെ ആദ്യയാത്രയിൽ യാത്രക്കാരായത്. ആദ്യ ഘട്ടത്തിൽ അഞ്ച് ടെർമിനലുകളാണ് സജ്ജമായത്. എട്ട് ബോട്ടുകൾ സർവീസ് നടത്തും. വൈപ്പിൻ -ഹൈക്കോടതി റൂട്ടിലും കാക്കനാട് -വൈറ്റില റൂട്ടിലുമാണ് ആദ്യം വാട്ടർ മെട്രോ സേവനം. ഈ റൂട്ടിൽ 20 രൂപ ടിക്കറ്റ് നിരക്കിൽ 15 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. നാളെ വൈപ്പിൻ-ഹൈക്കോർട്ട് ജലപാതയിൽ റഗുലർ സർവീസ് തുടങ്ങും. 13 റൂട്ടുകളും 33 ടെർമിനലും 70 ബോട്ടുകളും കൂടി സജ്ജമാകുന്നതോടെ ജല മെട്രോ പൂർണ്ണനിലയിൽ എത്തും. 747കോടിയുടെ പദ്ധതിയിൽ 579 കോടി ജർമ്മൻ വായ്പയാണ്. 102കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. കൊച്ചിൻ ഷിപ്യാർഡാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ പരിസ്ഥിതി സൗഹൃദമാണ്.