‘ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കയറ്റരുത്’; കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അടുത്ത മാസം പത്തിന് ചേരുന്ന ഉന്നതതല യോഗത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടും. കേന്ദ്രസര്‍ക്കാരിന്റെ നിയമമാണ് നടപ്പാക്കുന്നതെന്നും എന്നാല്‍, പുതിയ നിയമമാണ് സംസ്ഥാനം നടപ്പാക്കുന്നതുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറയ്‌ക്കെതിരെ പരാതി വന്നതുകൊണ്ട് ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിണര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗതാഗത വകുപ്പാണ് ശുപാര്‍ശ ചെയ്തത്. സേഫ് കേരള പദ്ധതിയില്‍ വിജിലന്‍സ് നടത്തിയത് പ്രാഥമിക പരിശോധനയാണെന്നും ആന്റണി രാജു പറഞ്ഞു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി കേന്ദ്രസര്‍ക്കാരാണ് നടത്തേണ്ടത്. പുതുതായി ഒരു നിയമവും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ലെന്ന് ആന്റണി രാജു വ്യക്തമാക്കി. അടുത്ത മാസം ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.