കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. പശ്ചിമബംഗാളാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കൊവിഡ് വാക്‌സിന്‍ മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും വാക്‌സിന് വില ഈടാക്കുന്നത് 73 വര്‍ഷമായി ഇന്ത്യ പിന്തുടരുന്ന യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ നയത്തിന് വിരുദ്ധമാണെന്നും പശ്ചിമ ബംഗാള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ചുമതലകളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് വാക്‌സിന് വില ഈടാക്കാനുള്ള തീരുമാനം. സംസ്ഥാന അതിര്‍ത്തികളില്‍ തളച്ചിടാനാകാത്ത രോഗം ആയതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്നും പശ്ചിമബംഗാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, വാക്‌സിനേഷന്‍ മുന്‍ഗണന ക്രമത്തില്‍ വാക്‌സിന്റെ ദൗര്‍ലഭ്യം നേരിടാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര വാക്‌സിന്‍ വിഹിതത്തിന്റെ ഉപയോഗം രണ്ടാം ഡോസും ഒന്നാം ഡോസും യഥാക്രമം 70:30 ആയി ക്രമീകരിക്കും. കേന്ദ്ര വാക്‌സിന്‍ വിഹിതം 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി.

രാജ്യത്ത് ആകെ 16.50 കോടി വാക്‌സിനാണ് കേന്ദ്രവിഹിതമായ് ഉപയോഗിച്ചത്. ആദ്യ ഡോസായ് നല്‍കിയത് 13.21 കോടിയും രണ്ടാം ഡോസായ് നല്‍കിയത് 3.29 കോടിയും വാക്‌സിനാണ്. 18-45 വയസ് വിഭാഗത്തില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത് 11.81 ശതമാനം പേര്‍ക്ക് മാത്രമാണ്. സംസ്ഥാനങ്ങളുടെ പക്കല്‍ ഇനി ഉള്ളത് 90 കോടി ഡോസ് വാക്‌സിനാണ്. പത്ത് ലക്ഷം വാക്‌സിന്‍ ഡോസ് 3 ദിവസത്തിനകം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം.