കൊല്ലത്ത് വ്യാജവാറ്റ് സജീവം; രണ്ട് ദിവസത്തിനിടെ പിടികൂടിയത് 1300 ലിറ്ററോളം കോട

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ വ്യാജവാറ്റ് സജീവം. ലോക്ക്ഡൗണിന്റെ രണ്ടു ദിവസത്തിനിടയില്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത് 1300 ലിറ്ററോളം കോടയാണ്. ജില്ലയിലാകെ എക്‌സൈസ് പരിശോധന ശക്തമാക്കി.

ഏരൂര്‍ എണ്ണപ്പന തോട്ടത്തിനോട് ചേര്‍ന്നുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 350 ലിറ്ററോളം കോടയും 16 ലിറ്ററോളം ചാരായവും അഞ്ചല്‍ എക്‌സൈസ് പിടികൂടിയത്. വാറ്റ് നടത്തിക്കൊണ്ടിരുന്ന പത്തടി സ്വദേശികളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഏരൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ ഫാമില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് 800 ലിറ്റര്‍ കോട. ചടയമംഗലം എക്‌സൈസ് കടയ്ക്കല്‍ മണിയന്‍ മുക്ക് ഭാഗത്ത് ആളൊഴിഞ്ഞ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചാരായം വാറ്റി കൊണ്ടിരുന്ന രണ്ടുപേരെ പിടികൂടി.

160 ലിറ്ററോളം കോടയും മൂന്ന് ലിറ്ററോളം ചാരായവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാജ വാറ്റുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള പരിശോധനയാണ് ജില്ലയിലുടനീളം എക്‌സൈസ് നടത്തുന്നത്.