തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണത്തില്‍ 23 വീടുകള്‍ തകര്‍ന്നു. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശപാത 60 മീറ്റര്‍ നീളത്തില്‍ കടലെടുത്തതോടെ പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് നാട്ടുകാരില്‍ പലരും ദുരിതാശ്വാസക്യാംപുകളിലേക്ക് മാറാന്‍ മടിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

പൊഴിയൂരിലെ രണ്ടരകിലോമീറ്റര്‍ കടല്‍തീരം തിരമാലകള്‍ കവര്‍ന്നുകഴിഞ്ഞു. രണ്ടുദിവസം മുമ്പ് തുടങ്ങിയ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. 23 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നൂറോളം വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്.
പൊഴിയൂര്‍ മുതല്‍ തമിഴ്നാട്ടിലെ തെക്കേകൊല്ലംകോട് വരെയാണ് കടല്‍ക്ഷോഭം രൂക്ഷം. തീരദേശപാത പൂര്‍ണമായി തകര്‍ന്നതോടെ വാഹനഗതാഗതം നിലച്ചു. മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ കൂടെ തുറന്നു നാട്ടുകാരില്‍ മിക്കവരെയും മാറ്റി താമസിപ്പിച്ചു.