പശ്ചിമബംഗാളിൽ ലോക്ഡൗൺ ലംഘിച്ചതിന് മൂന്ന് ബിജെപി എംഎൽഎമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദമോയ് ബർമൻ,ശങ്കർ ഘോഷ്,ശിഖ ചതോപാധ്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് അവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് ബിജെപി എംഎൽഎമാർ പറഞ്ഞു.
അതേസമയം പ്രതിഷേധം നടത്തിയ ബിജെപി എംഎൽഎ മാർക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടരുന്നതൊന്നും അവർക്ക് പ്രശ്നമല്ല. ഇതാണ് ബിജെപി നേതാക്കളുടെ യഥാർത്ഥ മുഖമെന്നും ടിഎംസി നേതാവ് ഗൗതം പറഞ്ഞു. വൈറസിനെ തടയാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം കളിക്കുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.