മന്ത്രിസഭയില്‍ അംഗത്വം; ഐഎന്‍എല്ലിന് ഇത് രാഷ്ട്രീയ നേട്ടം

ഇടതുപക്ഷ മന്ത്രിസഭയില്‍ അംഗത്വം ഉറപ്പിച്ചതോടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ഐഎന്‍എല്‍. മന്ത്രിസ്ഥാനവുമായി ഐഎന്‍എല്‍ ചുവടുവയ്ക്കുമ്പോള്‍ രാഷ്ട്രീയ തിരിച്ചടിയാവുന്നത് മുസ്ലീം ലീഗിനാണ്. ഇടതുപക്ഷം ലീഗിന് നല്‍കുന്ന പ്രഹരം കൂടിയായാണ് ഐഎന്‍എല്ലിന് നല്‍കുന്ന മന്ത്രി പദവിയെ വിലയിരുത്തുന്നത്.

1994ല്‍ മുസ്ലീം ലീഗില്‍ നിന്ന് പിളര്‍ന്ന് രൂപംകൊണ്ടത് മുതല്‍ ഇടത് പക്ഷത്തേക്ക് ചാഞ്ഞായിരുന്നു ഐഎന്‍എല്ലിന്റെ യാത്ര. പരിഹാസങ്ങളില്‍ തളരാതെ രണ്ടര പതിറ്റാണ്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന നിന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് നീണ്ട അവഗണനകള്‍ക്ക് ഒടുവില്‍ രണ്ട് വര്‍ഷം മുന്‍പാണ് എല്‍ഡിഎഫില്‍ ഘടക കക്ഷിയാകുന്നത്. ഇത്തവണ കോഴിക്കോട് സൗത്തില്‍ നിന്ന് വിജയിച്ചു കയറിയ അഹമ്മദ് ദേവര്‍കോവിലിലൂടെ മന്ത്രി പദം അലങ്കരിക്കുമ്പോള്‍ ഐഎന്‍എല്ലിനിത് ചിരകാല സ്വപ്നമായ രാഷ്ട്രീയ നേട്ടമാണ്.

സ്ഥാപകന്‍ ഇബ്രാഹീം സേട്ടിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിലുപരി ബദ്ധശത്രുക്കളായ മുസ്ലീം ലീഗിന് പ്രഹരമേല്‍പിച്ചതിന്റെ മധുര പ്രതികാരവും ഇതിലുണ്ട്. ന്യൂനപക്ഷത്തിന് അര്‍ഹമായ പരിഗണന നല്‍കിയെന്ന സന്ദേശവും ഇടത് മുന്നണി ഈ മന്ത്രിപദത്തിലൂടെ ഉറപ്പ് വരുത്തുന്നുണ്ട്. മറ്റൊരു തലത്തില്‍ ഇടത് മുന്നണിക്കും ഇതൊരു കടംവീട്ടലാണ്. ഇടതുപക്ഷം ന്യൂനപക്ഷ വിരുദ്ധരായി മുദ്രകുത്തപ്പെട്ടപ്പോഴൊക്കെ കൂടെ നിന്ന് കവചമൊരുക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഐഎന്‍എല്‍.

വിഭാഗീയതയും പിളര്‍പ്പും പല തവണ വേട്ടയാടിയ ഐഎന്‍എല്ലിന് ഈ അംഗീകാരം രാഷ്ട്രീയ നിലനില്‍പ്പിനും അനിവാര്യമായിരുന്നു. രൂപം കൊണ്ടത് മുതല്‍ ഒരു കാലത്തും മുസ്ലീം ലീഗിനോട് അധികാര പങ്കാളിത്തത്തിലോ ജനപിന്തുണയിലോ കിടപിടിക്കാന്‍ കഴിയാതിരുന്ന ഐഎന്‍എല്ലിന്റെ ചിരകാല സ്വപ്‌നമാണ് അഹമ്മദ് ദേവര്‍കോവലിലൂടെ പൂവണിയുന്നത്.