ബിസിസിഐക്കെതിരായ ലിംഗ വിവേചന ആരോപണങ്ങൾ തള്ളി മിതാലിയും ഹർമനും

ബിസിസിഐക്കെതിരായ ലിംഗ വിവേചന ആരോപണങ്ങൾ തള്ളി ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റന്മാരായ മിതാലി രാജും ഹർമൻപ്രീത് കൗറും. ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടുന്ന പുരുഷ, വനിതാ ടീം അംഗങ്ങളോട് ബിസിസിഐ ലിംഗ വിവേചനം കാണിക്കുന്നു എന്നായിരുന്നു ആക്ഷേപം.

പുരുഷ ടീം അംഗങ്ങൾക്ക് പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയ ബിസിസിഐ വനിതാ താരങ്ങളോട് വാണിജ്യ വിമാനങ്ങളിൽ എത്താൻ ആവശ്യപ്പെട്ടു എന്ന ആരോപണത്തെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തള്ളി.

“പുരുഷ, വനിതാ താരങ്ങൾക്ക് ബിസിസിഐ മുംബൈയിലേക്ക് ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദൂരവും വ്യക്തിപരമായ സൗകര്യവും പരിഗണിച്ച് ഞങ്ങൾ സ്വയം തീരുമാനം എടുക്കുകയായിരുന്നു.”- ഹർമൻപ്രീത് കൗർ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

പുരുഷ താരങ്ങളുടെ വീടുകളിലെത്തി കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയ ബിസിസിഐ വനിതാ താരങ്ങളോട് സ്വയം ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടു എന്നതായിരുന്നു മറ്റൊരു ആരോപണം. ഇതിനെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ മിതാലി രാജ് തള്ളി.

“കൊവിഡ് കാലത്തെ യാത്ര ഒരു വെല്ലുവിളിയാണ്. പക്ഷേ, ഞങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ബിസിസിഐ എടുക്കുന്ന നടപടികൾ ആശ്വാസകരമാണ്. മുംബൈയിലേക്കും ഇംഗ്ലണ്ടിലേക്കും ചാർട്ടേർഡ് വിമാനങ്ങളും വീടുകളിൽ ആർടി-പിസിആർ പരിശോധനകളും.

ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും. പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഇംഗ്ലണ്ടുമായി 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.