ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാത്തത് കോർപറേറ്റുകൾക്ക് വേണ്ടി; ആരോപണവുമായി കൊച്ചിൻ രൂപതാ ബിഷപ്പ്

ചെല്ലാനത്ത് സർക്കാർ കടൽഭിത്തി നിർമ്മിച്ചു നൽകാത്തത് കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ന് ലത്തീൻ കത്തോലിക്കാ സഭ അധ്യക്ഷനും, കൊച്ചി രൂപതാ ബിഷപ്പുമായ ജോസഫ് കരിയിൽ കടൽകയറ്റതിനെതിരെ ചെല്ലാനം നിവാസികൾ ശക്തമായ സമരത്തിലേക്ക് പോകേണ്ടി വരുമെന്നും ജോസഫ് കരിയിൽ  പറഞ്ഞു.

യുഡിഎഫിനെയും, എൽഡിഎഫിനെയും പിന്താങ്ങുന്നതിന് പകരം പുതിയ മുന്നണികളെ കുറിച്ച് തീരദേശവാസികൾക്ക് ആലോചിക്കേണ്ടി വരും. തീര ദേശവാസികൾ പെട്ടെന്ന് ഒഴിഞ്ഞു പോകാൻ വേണ്ടിയാണ് കടൽ ഭിത്തികൾ നിർമ്മിക്കാത്തതെന്നും ഇത് വമ്പൻമാരെ സഹായിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കടലാക്രമണങ്ങളിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനതല തീരസംരക്ഷണ പദ്ധതി പ്രകാരം ചെല്ലാനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. ചെല്ലാനത്ത് എട്ടു കോടി ചെലവിൽ ഒരു കിലോ മീറ്റർ നീളമുള്ള കടൽഭിത്തി ജിയോ ട്യൂബുകൾ ഉപയോഗിച്ച് നിർമിക്കും.

ഇതോടൊപ്പം ചൊല്ലാനത്തെ ബസാർ ഭാഗത്ത് 220 മീറ്റർ നീളത്തിൽ കടൽഭിത്തി പണിയുന്നതിന് ഒരു കോടി രൂപയുടെ പ്രവർത്തനങ്ങൾ, ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി പ്രദേശങ്ങളിൽ ജിയോ ബാഗ് ഉപയോഗിച്ച് 270 മീറ്റർ നീളത്തിൽ താൽക്കാലിക കടൽഭിത്തി പണിയുന്നതിന് 30 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ എന്നിവയും നടപ്പാക്കും.