ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ബ്ലാക്ക് ഫംഗസ് മോണിറ്ററിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഏഴംഗ സമിതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ടാണ് കൺവീനർ. എല്ലാ ദിവസവും ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തും. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് പ്രത്യേക സമിതിക്ക് രൂപം നൽകയത്.

രോഗികളുടെ എണ്ണം കൂടിയാൽ പ്രത്യേക വാർഡ് ഉൾപ്പെടെ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ജനറൽ മെഡിസിൻ, നേത്രവിഭാഗം, ഇ.എൻ.ടി, മൈക്രോബയോളജി ഉൾപ്പെടെയുള്ള വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളിൽ ബാധിച്ചിരിക്കുന്ന ബ്ലാക്ക് ഫംഗസിന്റെ തോത്, മരുന്നിന്റെ ലഭ്യത, ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് യോഗം ചേർന്ന് വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറണം.