ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം മദ്യലഹരിയിലെന്ന് പൊലീസ്; അട്ടപ്പാടി ചുരത്തില്‍ പ്രതികളുമായി തെളിവെടുപ്പ്

കൊലയ്ക്ക് മുന്‍പ് കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം മദ്യലഹരിയിലെന്ന് പൊലീസ്. കൃത്യം നടക്കുന്നതിന് മുന്‍പ് ഷിബിലിയും സിദ്ദിഖും മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നാണ് ഹണി ട്രാപ് ആസൂത്രണം ചെയ്തത്. ഫര്‍ഹാനയാണ് ഇവരുടെ കൂട്ടാളിയായ ആഷിഖിനെ കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിക്കുന്നത്. ശേഷം വൈകിട്ട് മൂന്നരയോടെയാണ് കൊലപാതകം നടത്തിയത്. ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതടക്കമുള്ള കാര്യങ്ങള്‍ നാടകീയമായി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെയാണ് സിദ്ദിഖ് കേസില്‍ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസില്‍ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളുമായി അന്വേഷണ സംഘം അട്ടപ്പാടിയിലേക്ക് തിരിച്ചു. മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുക.

ഷിബിലിയാണ് ഹണി ട്രാപ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷിബിലിയും സിദ്ദിഖും ചേര്‍ന്നാണ് ഫര്‍ഹാനയെ കാറില്‍ ഹോട്ടലിലേക്ക് എത്തിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിന്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ ഹോട്ടലില്‍ 18ന് രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.