കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ വാദപ്രതിവാദം. പ്രശ്‌ന ബാധിത തീരപ്രദേശത്തു നിന്ന് മാറി നില്‍ക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച ഫ്‌ളാറ്റുകളിലേയ്ക്ക് മാറാന്‍ തീരദേശവാസികള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഫ്‌ളാറ്റില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണം. സ്ഥലം അനുവദിക്കുന്നതുവരെ തൊഴിലാളികളുടെ വീട്ടുവാടക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.
പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയത്. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരദേശമേഖലക്ക് അടിയന്തര സഹായം നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.