ചിലവന്നൂര്‍ കായലില്‍ വ്യാപക കയ്യേറ്റം; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒഴിപ്പിക്കലില്ല

കൊച്ചി നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന പ്രധാന തണ്ണീര്‍ത്തടമാണ് ചിലവന്നൂര്‍ കായല്‍. എന്നാല്‍ ഇന്ന് ചിലവന്നൂര്‍ കായല്‍ അറിയപ്പെടുന്നത് തന്നെ കയ്യേറ്റക്കാരുടെ പറുദീസയായാണ്. കായല്‍ അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് വരെയും ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മരടില്‍ സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ച ഫ്‌ളാറ്റുകള്‍ ചിലവന്നൂര്‍ കായലോരത്തായിരുന്നു. പക്ഷെ ഇപ്പോഴും കയ്യേറ്റക്കാര്‍ വാഴുന്ന ഇടമായി തന്നെ നിലനില്‍ക്കുകയാണ് ഈ കായലോരം. ഹൈക്കോടതി ചിലവന്നൂര്‍ കായല്‍ അളന്ന് തിട്ടപ്പെടുത്തി കയ്യേങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആദ്യം ഉത്തരവിട്ടത് 2016ല്‍ ആണ്. അധികാരികള്‍ മുഖം തിരിച്ചതോടെ 2019 ല്‍ കായല്‍ അളക്കാന്‍ വീണ്ടും ഹൈക്കോടതിക്ക് ഉത്തരവിടേണ്ടി വന്നു. റവന്യൂ വകുപ്പ് ഒരു കിലോമീറ്റര്‍ മാത്രം അളന്നപ്പോള്‍ കണ്ടെത്തിയത് 114 കയ്യേറ്റങ്ങള്‍. അതോടെ അളവും നിന്നു.

കൊച്ചി കോര്‍പ്പറേഷനിലും മരട് നഗരസഭയിലുമായി 7.5 കിലോമീറ്റര്‍ ദൂരത്തില്‍ പരന്ന് കിടക്കുന്ന ചിലവന്നൂര്‍ കായലിന്ന് ചുരുങ്ങി വരിയാണ്. മലിനീകരണത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. സര്‍ക്കാരിന്റെ തലപ്പത്ത് തന്നെയുള്ള ഉന്നത ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതൃത്വങ്ങളും ഈ ജലാശയത്തെ നശിപ്പിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം.