കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തി: കെ മുരളീധരന്‍

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ടതാണ്. സുരേന്ദ്രന്‍ നല്‍കിയ ചെലവില്‍ ഹെലിക്കോപ്റ്റര്‍ വാടക ഈടാക്കിയിട്ടുണ്ടോ, എവിടെയൊക്കെ സഞ്ചരിച്ചു എന്നത് അന്വേഷിക്കണം.

മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് ബിജെപിയിലെ പലരും സൂചിപ്പിക്കുന്നു. എന്നാല്‍ 25-30 ലക്ഷം കൈയില്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് പല സ്ഥാനാര്‍ത്ഥികളും പറയുന്നത്. സാമ്പത്തിക തിരുമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കോടികള്‍ ഒഴുക്കിയാണ് എല്ലാ സംസ്ഥാനത്തും ബിജെപി മത്സരിച്ചത്. കൊവിഡ് തടയാനല്ല, ബംഗാള്‍ പിടിക്കുകയായിരുന്നു മോഡിക്കും അമിത് ഷായ്ക്കും താത്പര്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലിക്കോപ്റ്റര്‍ യാത്ര അന്വേഷിക്കണം. സുരേഷ് ഗോപി അടക്കം സ്ഥാനാര്‍ത്ഥികള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചതും അന്വേഷിക്കണം.

കൊടകര കുഴല്‍പ്പണക്കേസിലും വിമര്‍ശനം. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും പെട്ടവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിജെപി സംശയനിഴലാണ്. അന്വേഷണം എത്തേണ്ടിടത്ത് എത്തുമോ എന്ന് സംശയമാണ്. നിഷ്പക്ഷമായ അന്വേഷണമാണെങ്കില്‍ നരേന്ദ്ര മോദിയില്‍ വരെ ചെന്നെത്തിയേക്കാം. അതിനുള്ള ധൈര്യം പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിക്കണമെന്നും മുരളീധരന്‍.