അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്; ആനയെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും

തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്നത് തിരുനെൽവേലിയിലേക്ക്. ആനയെ തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. രാത്രി പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി, തിരുനെൽവേലിയിലേക്കുള്ള യാത്രയിലാണ് ആന. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യ വലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്.

കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.