NH 53 നിർമാണം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യ

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ് റെക്കോർഡ്. 2019ൽ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽയുടെ റെക്കോർഡാണ് NHAI പഴങ്കഥയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമിച്ച റോഡ്.

ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂർത്തിയാക്കി. എൻഎച്ച്എഐയിലെ 800 ജീവനക്കാരും സ്വതന്ത്ര കൺസൾട്ടന്റുമാരുൾപ്പെടെ ഒരു സ്വകാര്യ കമ്പനിയിലെ 720 തൊഴിലാളികളുമടങ്ങുന്ന സംഘമാണ് ദൗത്യം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.

“മുഴുവൻ രാജ്യത്തിനും അഭിമാന നിമിഷം!, അസാധാരണ നേട്ടം കൈവരിക്കാൻ രാപ്പകൽ അധ്വാനിച്ച എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ” – കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. അമരാവതി -അക്കോല സെക്ഷൻ ദേശീയ പാത-53 ന്റെ ഭാഗമാണെന്നും പ്രധാനപ്പെട്ട കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണെന്നും അദ്ദേഹം പറഞ്ഞു. ധാതു സമ്പന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ ഭാഗം കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.