മുംബൈയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു; അതീവ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവ് മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. ഈസ്റ്റ് എക്‌സ്പ്രസ് ഹൈവേ അടക്കം വെളളത്തിനടിയിലായി. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.

കൊങ്കണ്‍ മേഖലയിലെ വിവിധ ജില്ലകള്‍ ഇപ്പോഴും വെള്ളത്തില്‍ തുടരുന്നു. മുംബൈ നഗരത്തില്‍ വെള്ളക്കെട്ടില്‍ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്. മിലാദ് വെസ്റ്റിലെ ന്യൂ കളക്ടര്‍ കോമ്പൗണ്ടില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയ ഇവിടെ മഴ രക്ഷാപ്രാപര്‍ത്തനങ്ങള്‍ക്ക് തടസമായി

മുംബൈ നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗതം വഴിതിരിച്ചുവിട്ടു.

മഹാരാഷ്ട്രയില്‍ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലകളില്‍ യെല്ലോ, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാന സര്‍വീസിനെയും കനത്ത മഴ കാര്യമായി ബാധിച്ചു.

ഛത്രപതി ശിവാജി അന്താരാഷ്ട വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മിഥി നദി കരകവിഞ്ഞത് ദുരിതത്തിന് ആക്കം കൂട്ടി.