5 വർഷം മുൻപ് ഇഞ്ചി കൃഷിയിടം അപ്പാടെ ചവിട്ടി മെതിച്ചു; ഇന്ന് അതേ അരിക്കൊമ്പന് വേണ്ടി പ്രതിമ നിർമിച്ച് ഇടുക്കി സ്വദേശി

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയെങ്കിലും ഇടുക്കിയിലും ഉണ്ട് കൊമ്പന് ആരാധകർ ഒരുപാട്. അരിക്കൊമ്പനോടുള്ള സ്‌നേഹം കൊണ്ട് എട്ടടി ഉയരമുള്ള പ്രതിമയാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വെട്ടിക്കാട്ട് ബാബു നിർമ്മിച്ചിരിക്കുന്നത്.

തികച്ചും വ്യത്യസ്തമായ അരിക്കൊമ്പൻ സ്‌നേഹമാണ് ഈ പ്രതിമയ്ക്ക് പിന്നിൽ. അഞ്ചുവർഷം മുമ്പ് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി ഇറക്കി. പെട്ടെന്നൊരു ദിവസം അരിക്കൊമ്പൻ കൃഷിയിടം അപ്പാടെ ചവിട്ടി മെതിച്ചു. എന്നാൽ അതിനു ശേഷം ഇഞ്ചി കൂടുതൽ കരുത്തോടെ വളർന്നുവെന്നും. കൂടുതൽ വിളവു ലഭിച്ചുവെന്നും ബാബു പറയുന്നു. കഞ്ഞിക്കുഴിക്ക് സമീപം തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു, തൻറെ കടക്കു മുൻപിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പൻ പ്രതിമ സ്ഥാപിച്ചത്.