ലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7 പേർ ചകിത്സയിൽ കഴിയുകയാണ്. 4 സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഹൗസ് സർവേ നടത്താനാണ് തീരുമാനം.
രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ളീനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിച്ച് പൊലീസിന്റെ നേത്യത്വത്തിൽ അയാളെ കണ്ടെത്താനാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 കമ്മിറ്റികൾ രൂപീകരിച്ചു. സംശയ നിവാരണത്തിന് കോൾ സെന്റർ സജ്ജമാണ്.
പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പും അവരവരുടേതായ പരിശോധനകൾ നടത്തുന്നുണ്ട്. മൃഗങ്ങളുടെ അസ്വാഭാവികമായ മരണം പ്രദേശത്ത് ഉണ്ടായിട്ടുണ്ടോയിയെന്ന് പരിശോധിക്കുകയാണ്. വവ്വാലുകളുടെ സാമ്പിളുകൾ എടുക്കുന്നതിൽ സംസ്ഥാനത്തിന് അതികാരമില്ലാത്തതിനാൽ മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട് ആശങ്കകൾ വേണ്ട. ക്വാറന്റൈൻ കണ്ടെയ്‌ൻമെൻറ്റ് സോണുകളിൽ ഉള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ പകരം സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പ്രതിരോധപ്രവർത്തനങ്ങൾ വളരെ മികവോടെയാണ് മുന്നോട്ട് പോകുന്നതെന്നും നിപ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.