സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി; യുവതി 2 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു

മൂന്നാറിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി 2 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കടന്നു. മൂന്നാർ ജി എച്ച് റോഡിലെ ആഭരണശാലയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോയമ്പത്തൂർ സ്വദേശിയാണെന്നും പേര് രേഷ്മയെന്നാണെന്നും മലേഷ്യയിലാണ് ജോലിയെന്നും പരിചയപ്പെടുത്തിയാണ് കഴിഞ്ഞ തിങ്കളാഴ്ച യുവതി ആഭരണശാലയിൽ എത്തിയത്. 3 ജോടി കമ്മലും ഒരു ബ്രേസ്ലെറ്റും ഒരു ലോക്കറ്റും വാങ്ങുകയും അതിന്റെ വിലയായ 77,500 രൂപ അപ്പോൾത്തന്നെ നൽകുകയും ചെയ്തു. ശേഷം 38 ഗ്രാം തൂക്കമുള്ള രണ്ടു മാലകൾ എടുത്തു പരിശോധിച്ച് വില ചോദിച്ചു. അതിന് 9000 രൂപ അഡ്വാൻസും നൽകി.

ഭർത്താവും മക്കളും ഹോട്ടൽ മുറിയിലാണെന്നും വൈകിട്ട് 5നു ഭർത്താവിനൊപ്പം വന്നു ബാക്കി തുക നൽകി സ്വർണ്ണം വാങ്ങാമെന്നും ജീവനക്കാരെ അറിയിച്ചു യുവതി മടങ്ങി. എന്നാൽ, വൈകിട്ട് യുവതി കടയിൽ എത്തിയില്ല. കട അടയ്ക്കുന്ന സമയത്ത് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ടു മാലകൾ ഇല്ലെന്നറിഞ്ഞത്.കടയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ യുവതി സ്വർണാഭരണങ്ങൾ പഴ്‌സിൽ വയ്ക്കുന്ന ദൃശ്യം കണ്ടപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. തുടർന്ന് കടയുടമ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.