അട്ടപ്പാടി മധു കൊലക്കേസ്; പതിനാലാം സാക്ഷിയും കൂറുമാറി.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷി ആനന്ദ് ആണ് ഇന്ന് കൂറുമാറിയത്. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണി നേരിടുന്നുണ്ടെന്നും മധുവിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് വീണ്ടും കൂറുമാറ്റം.

പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് എസ് സി, എസ്ടി കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സര്‍ക്കാര്‍ നിയോഗിച്ച ശേഷമാണ് ഇടേവളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും വിചാരണ പുനരാരംഭിച്ചത്.

നേരത്തെ പത്ത്, പതിനൊന്ന് സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂട്ടറെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്നത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേന്ദ്രനെ മാറ്റുകയും അഡീ.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തത്.

അതേസമയം തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്തെത്തി. മധു കേസില്‍ സര്‍ക്കാര്‍ കള്ളക്കളി ഉപേക്ഷിച്ച് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.