അഭിമാനമായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.

അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.

2000 ലെ ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ ഒതുക്കിയത്.