നിയമസഭാ കയ്യാങ്കളി കേസ് : അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം

2015ലെ നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സംഭവം നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമെന്നും ആരോപണം.

സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ അവകാശം ഉണ്ടോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി.

കയ്യാങ്കളി കേസില്‍ ഉണ്ടായത് നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയെന്ന് പി ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് തോന്നും. വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവെന്നും പരാമര്‍ശം.

കയ്യാങ്കളി കേസില്‍ പ്രധാന പങ്കുള്ള മന്ത്രി വി ശിവന്‍ കുട്ടി പനി ബാധിച്ച് ചികിത്സയിലാണ്. മന്ത്രി സഭയിലെത്തിയില്ല. മൂന്നോ നാലോ ദിവസം സഭയില്‍ എത്തില്ലെന്നും വിവരം. അതിനിടെ മരംമുറിക്കല്‍ ഉത്തരവ് നിയമ വകുപ്പിനെ മറികടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ചെയ്ത് മാത്രമേ ഉത്തരവ് ഇറക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.

മറുപടിയായി ഉത്തരവില്‍ നിയമ വകുപ്പില്‍ നിന്ന് ഉപദേശം തേടിയില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയതെന്ന് മന്ത്രി പറഞ്ഞു.