അട്ടപ്പാടി മധുകൊലക്കേസ്; കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണം, പരാതി നല്‍കി കുടുംബം

 

അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്ക്  എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. ചില‍ർ ഭീഷണിക്കും വഴങ്ങി. തങ്ങൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ മല്ലിയുടെ പരാതി.

അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പൻ ആണ് കൂറു മാറിയത്. ഇയാള്‍ വനം വകുപ്പ് വാച്ചറാണ്. ഇതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം 8 ആയി.

കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ്മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.