രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍; 79 ശതമാനം കേരളമടക്കം അഞ്ചുസംസ്ഥാനങ്ങളിലേത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 593 മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,23,810 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,07,81,263 ആകെ രോഗമുക്തരായി.

4,08,920 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37,291 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. കേരള, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളില്‍ 79.9 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.

അതേസമയം കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.എസ്.കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ്‌സന്ദര്‍ശനം. രണ്ടാമത്തെസംഘം വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായുംകൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടിപിആര്‍ 13 ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘംആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കും. കൂടുതല്‍ ഇളവുകള്‍ക്കായി ആവശ്യം വ്യാപകമാണെങ്കിലും വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.