ബന്ധുനിയമനം : ഹൈക്കോടതി വിധിക്കെതിരെ കെ.ടി ജലീൽ സുപ്രിംകോടതിയിൽ

ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രിംകോടതിയിൽ. വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് ഹർജിയിൽ കെ.ടി ജലീൽ ആരോപിക്കുന്നു. നിയമനത്തിൽ സ്വജനപക്ഷപാതം ഇല്ലെന്നും ലോകായുക്ത റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും സുപ്രിംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഈ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ജലീൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹർജിയിൽ ജലീൽ ചൂണ്ടിക്കാട്ടി.

കേസിനാസ്പദമായ സംഭവം :

ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആരോപണം.

ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന അദീബിനെ നിയമനം നല്‍കുകയുമായിരുന്നുവെന്നായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനായിരുന്ന അദീബിനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നായിരുന്നു ആരോപണം. നിയമനത്തെ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ വകവെയ്ക്കാതെ നിയമനം നടത്തുകയായിരുന്നുവാണ് വിമര്‍ശനം.