‘കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏട്’; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി.

53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. സ്പീക്കര്‍ അനുശോചന പ്രമേയം വായിക്കുന്ന സമയം മുഴുവന്‍ സഭാംഗങ്ങളെല്ലാം എഴുന്നേറ്റ് നിന്നു കൊണ്ട് അന്തരിച്ച നേതാക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സ്പീക്കര്‍ അനുശോചന പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും നിയമസഭയുടെ വിസിറ്റേഴ് ഗാലറിയിലെത്തിയിരുന്നു.

സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായ നേതാവ്. രാഷ്ട്രീയ ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ അസാമാന്യമായ മനക്കരുത്തും തന്റേടവും ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും സ്പീക്കര്‍ അനുസ്മരിച്ചു. അനുകരണീയ മാതൃകകള്‍ സൃഷ്ടിച്ച സ്പീക്കറായിരുന്നു വക്കം പുരുഷോത്തമെന്നും എഎന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും. ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തി. കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും പിണറായി വിജയൻ.

ഭരണാധികാരിയായിരിക്കുമ്പോഴും സാധാരണക്കാർക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ ഒരുമിച്ച് നിർത്തണമെന്നും ഉമ്മൻചാണ്ടി കാണിച്ചുതന്നു. ഒരുപാട് പീഡാനുഭവങ്ങളിലൂടെ കടന്നുപോയ നേതാവ് കൂടിയാണ് ഉമ്മൻചാണ്ടിയെന്നും വി.ഡി സതീശൻ.