സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും;സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ലെന്നും ചാണ്ടി ഉമ്മൻ

കോട്ടയം: സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും പുതുപ്പള്ളിയിലുണ്ടാവുകയെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്. വിജയവും ഭൂരിപക്ഷവും ജനങ്ങൾ തീരുമാനിക്കും. താൻ സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ല. കഴിഞ്ഞ 23 വർഷമായി തരത്തിൽ പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

അപ്പയോടുള്ള സ്നേഹവും തനിക്ക് ജനങ്ങൾ നൽകും. കൊവിഡ് സമയത്ത് കോൺ​ഗ്രസ് ഒന്നും ചെയ്തില്ല എന്ന സിപിഐഎം വാദം തെറ്റാണ്. കൊവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി. ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. തന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കും. പിതാവ് അമ്പത്തിമൂന്ന് വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് വെല്ലുവിളിയാണ്. ആ തരത്തില്‍ പാര്‍ട്ടി വലിയ വെല്ലുവിളിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി അറിയിക്കുന്നു. വികസനം എന്നത് സാധാരണക്കാരന്റെ ജീവിതത്തെ മാറ്റുന്നതാണ്. സാധാരണക്കാരന്റെ കൈത്താങ്ങാന്‍ ഇവിടുത്തെ എംഎല്‍എയ്ക്ക് കഴിഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനായിരിക്കും. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ആഗസ്റ്റ് 18 ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.