ലക്ഷ്യത്തിലേക്ക് കുതിച്ച് ചന്ദ്രയാൻ 3; വിക്രം ലാൻഡറും റോവറും മോഡ്യൂളിൽ നിന്ന് ഇന്ന് വേർപെടും

ന്യൂഡൽഹി: ചന്ദ്രനിലിറങ്ങാനുളള ലക്ഷ്യത്തിലേക്ക് ചന്ദ്രയാൻ 3 അടുക്കുന്നു. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വ്യാഴാഴ്ച വേർപെടും. ചന്ദ്രന്റെ 150 കിമീx 163 കിമീ പരിധിയിലുളള ഭ്രമണപഥത്തിൽ പേടകം എത്തി.

ലാൻഡിങ് മോഡ്യുൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

‘ഉദ്ദേശിച്ചതുപോലെ ചന്ദ്രയാൻ-3 യെ 153 കിമീ x 163 കിമീ ഭ്രമണപഥത്തിൽ എത്തിച്ചു. ഇതോടെ ചന്ദ്രനുമായി ബന്ധിപ്പിക്കാനുള്ള കരുനീക്കങ്ങൾ പൂർത്തിയായി. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടാനുളള സമയമാണിത്. ലാൻഡർ മോഡ്യൾ അതിന്റെ പ്രത്യേക യാത്രകൾക്കായി തയ്യാറെടുക്കുന്നു,’ ഐഎസ്ആർഒ ‘എക്സി’ൽ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു.

ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് (30 കിമീ x 100 കിമീ) എത്തിക്കുക. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് ചന്ദ്രനിലേക്ക് ഇറങ്ങുക. ഓ​ഗസ്റ്റ് 23നാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 33 ദിവസം പിന്നിട്ടുണ്ട്.

അതേസമയം റഷ്യ വിക്ഷേപിച്ച ചാന്ദ്ര ലാൻഡർ ലൂണ 25 ഉം ഓ​ഗസ്റ്റ് 23ന് ചന്ദ്രനിലിറങ്ങും. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ വോസ്റ്റോക്നി സ്‌പേസ് പോർട്ടിൽ നിന്നാണ് ലൂണ 25 വിക്ഷേപിച്ചത്. ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുന്നതിന് മുമ്പ് ചന്ദ്രനിലിറങ്ങാനാണ് റഷ്യയുടെ ലക്ഷ്യം. ഏകദേശം 50 വർഷത്തെ ഇടവേളക്ക് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിച്ചത്.