COVID-19

കൊവിഡ് രോ​ഗികളിൽ വീണ്ടും പുതിയ ലക്ഷണങ്ങള്‍; ഡോക്ടര്‍ പറയുന്നു…

കൊവിഡ് കേസുകൾ വീണ്ടും  ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കൊവിഡ് (covid) രോ​ഗികളിൽ വ്യാപകമാണെന്നാണ് ഇപ്പോള്‍ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

പനി, തലവേദന, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ (symptoms) കൂടി കാണുന്നതായി ദില്ലിയിലെ ആകാശ് ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഡോ. അക്ഷയ് ബുദ്രാജ പറയുന്നു. അക്യൂട്ട് കൊറോണറി സിൻഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കൊവിഡ് രോ​ഗികളിൽ കൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ അതിഭീകരമായ ശരീര ക്ഷീണത്തോടൊപ്പം മണവും രുചിയും നഷ്ടപ്പെടുന്നതായും  ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗള പറയുന്നു. ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപനത്തിന് ഇടയാക്കുന്നതെന്നാണ് ദില്ലിയില്‍ നടത്തിയ പഠനം പറയുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും  അത്ര അപകടകാരിയല്ല ഈ വകഭേദമെന്നാണ് ലോകാരോ​ഗ്യസംഘടന നേരത്തെ വ്യക്തമാക്കിയത്.