അഫ്​ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയും

അഫ്​ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹി വിമാനത്താവളത്തിലെത്തി. വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയുമുണ്ട്.

25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരുമായാണ് വിമാനം ഡൽഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹർ‍‌ദീപ് സിം​ഗ് പുരിയും വിമാനത്താവളത്തിൽ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിട്ടുണ്ട്.

പാകിസ്താന്റെ വ്യോമപാത പൂർണമായും ഉപേക്ഷിച്ച് ഇറാൻ വഴിയായിരുന്നു അഫ്​ഗാനിൽ നിന്ന് വിമാനം ഡൽഹിയിലെത്തിയത്. കൂടുതൽ ഇന്ത്യക്കാരെ അഫ്​ഗാനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രക്ഷാദൗത്യം ഇനിയും ദിവസങ്ങൾ നീളും. രക്ഷാദൗത്യം പൂർത്തിയാകുന്ന മുറയ്ക്ക് അഫ്​ഗാനിസ്താനുമായുള്ള പുതിയ നയം ഇന്ത്യ വ്യക്തമാക്കും. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളുമായുള്ള ചർച്ച 26 -ാം തിയതി നടക്കും.

അതേസമയം, താലിബാന്റെ അന്ത്യശാസനത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഓ​ഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്റെ അന്ത്യശാസനം. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.

അമേരിക്കൻ സേനാം​ഗങ്ങൾ അഫ​ഗാനിൽ തുടർന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇനിയും സംഘർഷങ്ങളുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയോ ബ്രിട്ടനോ കൂടുതൽ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.

താലിബാൻ അഫ്​ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യം വിടാൻ തയാറെടുത്തത്. തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ സംഘർഷങ്ങളുണ്ടായി. എട്ട് പേരാണ് സംഘർഷങ്ങൾക്കിടെ മരിച്ചത്. ഒരാൾ രക്ഷപ്പെടാനായി വിമാനച്ചിറകിൽ കയറി വിമാനത്തിൽ നിന്ന് വീണ് മരിക്കുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചയും ലോകം കണ്ടു.