‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും.
കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ അത് ലഭ്യമാക്കും. പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി പ്രതികരിച്ചു.ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നടൻ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവവച്ചിരുന്നു. യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത്.

 

സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്തിന്‍റെ രാജി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. എന്നാൽ ബംഗാളി നടി ശ്രീലേഖ മിത്രയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും രഞ്ജിത്ത് പ്രതികരിച്ചു. തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കുമെന്നും പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ സത്യം തെളിയിക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.