അടിച്ചുകളഞ്ഞ പന്ത് സ്വയം തിരയുന്ന ധോണി; വിഡിയോ വൈറൽ

ഐപിഎൽ രണ്ടാം പാദത്തിനായി യുഎഇയിലെത്തിയ ടീമുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. എല്ലാ ടീമുകളും യുഎഇയിൽ എത്തിയിട്ടില്ലെങ്കിലും മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും അടക്കമുള്ള ചില ഫ്രാഞ്ചൈസികൾ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിലെ ഒരു ദൃശ്യം ഇപ്പോൾ വൈറലാവുകയാണ്.

പരിശീലനത്തിനിടെ പടുകൂറ്റൻ സിക്സർ അടിച്ച ധോണി സ്വയം ആ പന്ത് തിരയുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പരിശീലനത്തിനിടെ ധോണി അടിക്കുന്ന നിരവധി സിക്സറുകളിൽ ഒന്ന് കുറ്റിക്കാട്ടിലേക്ക് പതിക്കുന്നത് കാണാം. സ്വയം ഈ പന്ത് തിരയുന്ന ധോണിയും വിഡിയോയിലുണ്ട്.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ യുഎഇയിൽ ആരംഭിക്കുമ്പോൾ ഏറ്റവുമധികം പ്രതിസന്ധി രാജസ്ഥാൻ റോയൽസിനാവും. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾക്കിടെ തന്നെ പല വിദേശ താരങ്ങളെയും നഷ്ടപ്പെട്ട് രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലായിരുന്നു. ലീഗ് യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഈ താരങ്ങൾ കളിക്കാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പായ മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങില്ല. അതുകൊണ്ട് തന്നെ പകരം താരങ്ങളെ കണ്ടെത്താൻ മാനേജ്മെൻ്റ് കഠിന ശ്രമത്തിലാണ്.

ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ് എന്നിവരാണ് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കുക. ഇവരിൽ ബട്‌ലർക്കും സ്റ്റോക്സിനും പകരം താരങ്ങളെ ഫ്രാഞ്ചൈസി കണ്ടെത്തിക്കഴിഞ്ഞു. ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് ബട്‌ലറിനു പകരക്കാരനായും ശ്രീലങ്കൻ താരം തിസാര പെരേര സ്റ്റോക്സിനു പകരക്കാരനായും കളിക്കും.