ചക്രവാതച്ചുഴി: 5 ദിവസം വ്യാപക മഴയെന്ന് മുന്നറിയിപ്പ്; തിങ്കൾ മുതൽ ബുധൻ വരെ അതിശക്ത മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് മഴ കനത്തേക്കും. അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. സെപ്തംബർ 5 മുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് വ്യാപക മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്. ഇതിൽ നിന്ന്  ഒരു ന്യൂനമർദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമർദ്ദ പാത്തി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെയും നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

വിവിധ ജില്ലകളിലെ മുന്നറിയിപ്പ് ഇങ്ങനെ

യെല്ലോ അലര്‍ട്ട്

03-09-2022: കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം.
04-09-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
05-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
06-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.